General


കുറെക്കൂടി നല്ല രീതിയില്‍ ഗണിതം എഴുതാനും, എന്റെ എല്ലാ ബ്ലോഗുകളും ഒന്നിച്ചുചേര്‍ക്കാനും വേണ്ടി ഭാരതീയഗണിതത്തെ ഇവിടേക്കു മാറ്റിയിരിക്കുന്നു.  ദയവായി അവിടെപ്പോയി ഭാരതീയഗണിതം എന്ന വിഭാഗം നോക്കുക.

Advertisements

ഭാരതീയഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള മൂന്നു സംഖ്യാസമ്പ്രദായങ്ങളെപ്പറ്റിയാണു്‌ കഴിഞ്ഞ കുറേ ലേഖനങ്ങള്‍. അവയിലേക്കു്‌ ഒരു സൂചിക താഴെച്ചേര്‍ക്കുന്നു:

ഗണിതശാസ്ത്രതത്ത്വങ്ങളെ കുഞ്ഞുകുഞ്ഞു്‌ ആര്യാവൃത്തശ്ലോകങ്ങളില്‍ ഒതുക്കിയ ആര്യഭടന്‍ സംഖ്യകളെ – പ്രത്യേകിച്ചും വളരെ വലിയ സംഖ്യകളെ – സൂചിപ്പിക്കാന്‍ ഒരു രീതി ഉപയോഗിച്ചിരുന്നു. ബുദ്ധിമുട്ടുള്ള രീതിയായതുകൊണ്ടു്‌ പിന്നീടു്‌ കാര്യമായി ആരും ഇതു്‌ ഉപയോഗിച്ചില്ല.

ഈ രീതി ചുരുക്കി താഴെച്ചേര്‍ക്കുന്നു.

 1. ക മുതല്‍ മ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 1 മുതല്‍ 25 വരെയുള്ള സംഖ്യകളെ സൂചിപ്പിക്കുന്നു.
  യ മുതല്‍ ഹ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 30 മുതല്‍ 100 വരെയുള്ള സംഖ്യകളെ (പത്തിടവിട്ടു്‌) സൂചിപ്പിക്കുന്നു.    

  അതായതു്‌,

  ക = 1, ഖ = 2, ഗ = 3, ഘ = 4, ങ = 5, ച = 6, ഛ = 7, ജ = 8, ഝ = 9, ഞ = 10, ട = 11, ഠ = 12, ഡ = 13, ഢ = 14, ണ = 15, ത = 16, ഥ = 17, ദ = 18, ധ = 19, ന = 20, പ = 21, ഫ = 22, ബ = 23, ഭ = 24, മ = 25, യ = 30, ര = 40, ല = 50, വ = 60, ശ = 70, ഷ = 80, സ = 90, ഹ = 100.

 2. ഈ വ്യഞ്ജനങ്ങളോടു്‌ അ മുതല്‍ ഔ വരെയുള്ള 9 സ്വരങ്ങള്‍ (ദീര്‍ഘസ്വരങ്ങള്‍ കൂട്ടേണ്ട.) ചേര്‍ത്താല്‍ 1, 100, 10000 എന്നിങ്ങനെയുള്ള സംഖ്യകള്‍ കൊണ്ടു ഗുണിക്കുന്ന ഫലം വരും.അതായതു്‌,അ = 1, ഇ = 100, ഉ = 10000, ഋ = 106, ഌ = 108, എ = 1010, ഐ = 1012, ഒ = 1014, ഔ = 1016 എന്നിവയെക്കൊണ്ടു ഗുണിക്കണം.
 3. ഉദാഹരണത്തിനു്‌, ച = 6, ചി = 600, ചു = 60000 എന്നിങ്ങനെ.

 4. ഇങ്ങനെ ഓരോ അക്ഷരത്തിനും ഉള്ള മൂല്യങ്ങളെല്ലാം കൂട്ടിക്കിട്ടുന്ന സംഖ്യ മൊത്തം വാക്കു സൂചിപ്പിക്കുന്ന സംഖ്യയായി.
 5. ഉദാഹരണത്തിനു്‌, “ഗണിതം” എന്ന വാക്കു്‌ 1519-നെ സൂചിപ്പിക്കുന്നു (3 + 1500 + 16). പക്ഷേ, ആര്യഭടീയത്തില്‍ “ഗണിതം” പോലെയുള്ള “നല്ല” വാക്കുകള്‍ കാണാറില്ല; പകരം, “ഞിലാ”, “ചയഗിയിങു” തുടങ്ങിയ രൂപങ്ങളാണു കാണുക.

  കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍.

ഛന്ദശ്ശാസ്ത്രത്തില്‍ (പദ്യങ്ങളിലെ വൃത്തങ്ങളുടെ ലക്ഷണവും മറ്റും പ്രതിപാദിക്കുന്ന ശാസ്ത്രം) യതിയുടെ സ്ഥാനവും മറ്റും പറയാന്‍ ഭൂതസംഖ്യ ഉപയോഗിക്കാറുണ്ടു്‌. ഉദാഹരണമായി, ശാര്‍ദൂലവിക്രീഡിതവൃത്തത്തിന്റെ സംസ്കൃതത്തിലുള്ള ലക്ഷണം

സൂര്യാശ്വൈര്‍മസജസ്തതഃ സഗുരവഃ ശാര്‍ദ്ദൂലവിക്രീഡിതം

എന്നാണു്‌. മ, സ, ജ, സ, ത, ത എന്നീഗണങ്ങളും ഒരു ഗുരുവും എന്ന ലക്ഷണം പറയുന്നതോടൊപ്പം, പന്ത്രണ്ടിലും (സൂര്യ) പിന്നെ ഏഴിലും (അശ്വ) യതിയുണ്ടെന്നുമാണു്‌ ഇതിന്റെ അര്‍ത്ഥം. 19 അക്ഷരമുള്ള ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തിലെ അവസാനത്തിലുള്ള യതിയെയാണു 12-നു ശേഷം ഏഴില്‍ യതി എന്നു പറഞ്ഞിരിക്കുന്നതു്‌.

മലയാളത്തില്‍ വൃത്തമഞ്ജരി എഴുതിയ ഏ. ആര്‍. രാജരാജവര്‍മ്മ രണ്ടു പരിഷ്കാരം ചെയ്തു: ഒന്നു്‌, പാദാന്ത്യത്തിലുള്ള യതിയെ പ്രത്യേകം സൂചിപ്പിച്ചില്ല. രണ്ടു്‌, ഭൂതസംഖ്യയ്ക്കു പകരം സംഖ്യകള്‍ തന്നെ ഉപയോഗിച്ചു. അങ്ങനെ ലക്ഷണം

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം

എന്നായി. ഇതു കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു വൃത്തശാസ്ത്രപഠനം വളരെ എളുപ്പമാകാന്‍ ഇടയായി.

ഒരുദാഹരണം കൂടി. ശിഖരിണീവൃത്തത്തിന്റെ സംസ്കൃതലക്ഷണം:

രസൈരുദ്രൈശ്ഛിന്നം യമനസഭലം ഗം ശിഖരിണീ

(രസം = 6, രുദ്ര = 11, ശിഖരിണിക്കു്‌ 17 അക്ഷരങ്ങളാണുള്ളതു്‌)

മലയാളലക്ഷണം:

യതിക്കാറില്‍ത്തട്ടും യമനസഭലം ഗം ശിഖരിണി

പരല്‍പ്പേരു പോലെ, വാക്കുകളെക്കൊണ്ടു സംഖ്യകളെ സൂചിപ്പിക്കുന്ന മറ്റൊരു രീതിയാണു ഭൂതസംഖ്യ. ഇതു വളരെക്കാലം മുമ്പുണ്ടാക്കിയതാണു്‌. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തില്‍ ഇതുള്ളതുകൊണ്ടു്‌ ക്രി. മു. മൂന്നാം ദശകത്തിനു മുമ്പാണു്‌ ഈ രീതി കണ്ടുപിടിച്ചതെന്നു വ്യക്തമാണു്‌.

ഭൂതസംഖ്യ മനസ്സിലാക്കാന്‍ പുരാണങ്ങള്‍, ശാസ്ത്രങ്ങള്‍ തുടങ്ങിയ പല മണ്ഡലങ്ങളിലും സാമാന്യജ്ഞാനം ആവശ്യമാണു്‌. പല വസ്തുക്കളെയും അതിനോടു ബന്ധപ്പെട്ട ഒരു സംഖ്യയോടു യോജിപ്പിക്കുന്നതാണു്‌ ഇതിന്റെ രീതി. ഉദാഹരണമായി, “മൂര്‍ത്തി” എന്ന വാക്കു്‌ 3-നെ സൂചിപ്പിക്കുന്നു – ത്രിമൂര്‍ത്തികള്‍ മൂന്നാകയാല്‍. “ദന്തം” 32-നെയും, “രസം” ആറിനെയും (ഷഡ്‌രസങ്ങള്‍ – നവരസങ്ങളല്ല), “രുദ്രന്‍” 11-നെയും (ഏകാദശരുദ്രന്മാര്‍), “സൂര്യന്‍” 12-നെയും (ദ്വാദശാദിത്യന്മാര്‍) സൂചിപ്പിക്കുന്നു. ഈ വാക്കുകളും അവയുടെ പര്യായങ്ങളും ഉപയോഗിച്ചു്‌ വൃത്തത്തിലൊതുങ്ങുന്ന പദ്യങ്ങള്‍ എഴുതാമെന്നതാണു്‌ ഇതിന്റെ ഗുണം.  സാധാരണയായി ഉപയോഗിക്കുന്ന ഭൂതസംഖ്യകള്‍ താഴെച്ചേര്‍ക്കുന്നു:

0 : ആകാശം (ഖം, അഭ്രം, ഗഗനം, …), ശൂന്യം, പൂര്‍ണ്ണം.
1 : ചന്ദ്രന്‍ (ശശി, ഇന്ദു,…)
2 : കണ്ണു്‌ (അക്ഷി, നേത്രം, നയനം,…)
3 : അഗ്നി, ഗുണം, ലോകം [ത്രിലോകം], രാമന്‍ [പരശു, ശ്രീ, ബലഭദ്ര]
4 : വേദം, സമുദ്രം, യുഗം
5 : ഭൂതം [പഞ്ചഭൂതം], ഇന്ദ്രിയം [പഞ്ചേന്ദ്രിയങ്ങള്‍], ബാണം [കാമദേവന്റെ അഞ്ചമ്പുകള്‍] (ശരം, ഇഷു,…)
6 : രസം, ഋതു
7 : ഋഷി, പര്‍വ്വതം (ഗിരി, അചലം, …), സ്വരം, അശ്വം(ഹയം, …)
8 : വസു, നാഗം (സര്‍പ്പം,…)
9 : ദ്വാരം [നവദ്വാരങ്ങള്‍] (സുഷിരം, രന്ധ്രം,…), നന്ദ
10 : അവതാരം, ദിക്ക്‌, പംക്തി
11 : രുദ്രന്‍
12 : സൂര്യ (ആദിത്യ, അര്‍ക്ക, …)
13 : വിശ്വദേവ
15 : തിഥി
27 : നക്ഷത്രം (ഭം, താരം, …)
32 : ദന്തം

പരല്‍പ്പേരുപോലെതന്നെ വലത്തുനിന്നു്‌ ഇടത്തോട്ടാണു സംഖ്യകള്‍ നോക്കേണ്ടതു്‌. ഉദാഹരണമായി,

ഭനന്ദാഗ്നി = 3927 (ഭം = നക്ഷത്രം = 27, നന്ദ = 9, അഗ്നി = 3)
ഖബാണസൂര്യ = 1250 (ഖം = 0, ബാണം = 5, സൂര്യ = 12)

ഭൂതസംഖ്യ പരല്‍പ്പേരിനെക്കാള്‍ ബുദ്ധിമുട്ടാണു്‌. പരല്‍പ്പേരിലെപ്പോലെ നല്ല അര്‍ത്ഥമുള്ള വാക്കുകള്‍ ഉണ്ടാക്കാനും പറ്റില്ല. വൃത്തത്തിലൊതുങ്ങുന്ന വാക്കുകള്‍ ഉണ്ടാക്കാമെന്നേ ഉള്ളൂ.
ഭൂതസംഖ്യയ്ക്കു്‌ കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍ ഉണ്ടാവും.

ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അക്ഷരസംഖ്യാരീതിയായിരുന്നു പരല്‍പ്പേരു്.  ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു.  താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

1 2 3 4 5 6 7 8 9 0
         
ഴ, റ

അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു.  വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ.  ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്.  അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല.  അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ.

വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം.  അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു.  ഉദാഹരണമായി.

ക = 1

മ = 5

ഇ = 0

ക്ഷ = ഷ = 6

ശ്രീ = ര = 2

മ്യോ = യ = 1

വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 (ക = 1, മ = 5, ല = 3)

സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 )

ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)

ഗണിതശാസ്ത്രത്തില്‍ മാത്രമല്ല, മറ്റു പല മണ്ഡലങ്ങളിലും പരല്‍പ്പേരിന്റെ ഉപയോഗം കാണാം.  ചില ഉദാഹരണങ്ങള്‍:

 1. കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്.  ഉദാഹരണമായി,
  • ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
  • കനകാംഗി : കന = 01 = 1, 1-)ം രാഗം
  • ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം
 2. സാഹിത്യകൃതികളില്‍ കലിദിനസംഖ്യയും മറ്റും മുദ്രാരൂപേണ സൂചിപ്പിച്ചിരുന്നു.  മേല്‍പ്പത്തൂരിന്റെ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൌഖ്യം എന്ന വാക്കോടു കൂടിയാണു്.  ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
 3. നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു.  ഉദാഹരണമായി, ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതാ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വക ഒരുശ്ലോകം:
 4. പലഹാരേ പാലു നല്ലൂ, പുലര്‍ന്നാലോ കലക്കിലാം
  ഇല്ലാ പാലെന്നു ഗോപാലന്‍ – ആംഗ്ലമാസദിനം ക്രമാല്‍
   

  ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.

 5. വിനോദത്തിനു്: കൊച്ചുനമ്പൂതിരിയുടെ ഈ ശ്ലോകം നോക്കൂ:
 6. എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ-
  ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
  സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി-
  ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

  81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.

അമേരിക്കയില്‍ (മറ്റു രാജ്യങ്ങളിലും) ടെലിഫോണ്‍ നമ്പരുകള്‍ ഓര്‍ക്കാന്‍ ഇതുപോലെയൊരു സംവിധാനമുണ്ടു്. 2 = ABC, 3 = DEF, 4 = GHI, 5 = JKL, 6 = MNO, 7 = PQRS, 8 = TUV, 9=WXYZ എന്നിങ്ങനെ.  ഉദാഹരണമായി, 1-800-FLOWERS = 1-800-356-9377.  ഫോണില്‍ ഈ അക്ഷരങ്ങള്‍ ഉള്ളതുകൊണ്ടു് ഡയല്‍ ചെയ്യാനും എളുപ്പം.  പക്ഷേ, 0, 1 എന്നീ അക്കങ്ങള്‍ക്കു അക്ഷരമില്ലാത്തതും, 9 പോലെയുള്ള അക്കങ്ങള്‍ക്കു “വികടാക്ഷരങ്ങള്‍” മാത്രമുള്ളതും ഇതുപയോഗിച്ചു് അര്‍ത്ഥമുള്ള വാക്കുകള്‍ ഉണ്ടാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.  പരല്‍പ്പേരു് ഇതിനെ അപേക്ഷിച്ചു വളരെ മികച്ചതാണു്.  ഒരു സംഖ്യയ്ക്കു പറ്റിയ അര്‍ത്ഥമുള്ള ഒരു വാക്കുണ്ടാക്കാന്‍ വളരെ ശ്രമിക്കേണ്ട കാര്യമില്ല.

ഉദാഹരണങ്ങള്‍ ഇവിടെ നിര്‍ത്തുന്നു. ധാരാളം ഉദാഹരണങ്ങള്‍ ഇനി വരുന്ന ലേഖനങ്ങളില്‍ ഉണ്ടാവും.

പ്രാചീനഭാരതീയഗണിതശാസ്ത്രപുസ്തകങ്ങളില്‍ സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും പ്രശ്നങ്ങളും എന്തിനു് വ്യാഖ്യാനം വരെ പദ്യത്തിലായിരുന്നു എഴുതിയിരുന്നതു്.  ഹൃദിസ്ഥമാക്കാനുള്ള സൌകര്യത്തിനു വേണ്ടിയായിരുന്നു ഇതു്.

 വൃത്തനിബദ്ധമായ പദ്യത്തില്‍ ഗണിതം എഴുതുമ്പോള്‍ സംഖ്യകളെ എങ്ങനെ സൂചിപ്പിക്കും എന്നതൊരു പ്രശ്നമാണു്.  അതു പരിഹരിക്കാന്‍ കണ്ടുപിടിച്ച സൂത്രമാണു് അക്ഷരസംഖ്യകള്‍.  അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങള്‍ ഉപയോഗിച്ചു് സംഖ്യകളെ വാക്കുകള്‍ കൊണ്ടു സൂചിപ്പിക്കുന്ന രീതി.  പരല്‍പ്പേരു്, ഭൂതസംഖ്യ എന്നിവയായിരുന്നു അവയില്‍ പ്രധാനം.

ഇവയെപ്പറ്റി ഇനിയുള്ള ലേഖനങ്ങളില്‍ പ്രതിപാദിക്കാം.

 

Next Page »