പരല്‍പ്പേരു പോലെ, വാക്കുകളെക്കൊണ്ടു സംഖ്യകളെ സൂചിപ്പിക്കുന്ന മറ്റൊരു രീതിയാണു ഭൂതസംഖ്യ. ഇതു വളരെക്കാലം മുമ്പുണ്ടാക്കിയതാണു്‌. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തില്‍ ഇതുള്ളതുകൊണ്ടു്‌ ക്രി. മു. മൂന്നാം ദശകത്തിനു മുമ്പാണു്‌ ഈ രീതി കണ്ടുപിടിച്ചതെന്നു വ്യക്തമാണു്‌.

ഭൂതസംഖ്യ മനസ്സിലാക്കാന്‍ പുരാണങ്ങള്‍, ശാസ്ത്രങ്ങള്‍ തുടങ്ങിയ പല മണ്ഡലങ്ങളിലും സാമാന്യജ്ഞാനം ആവശ്യമാണു്‌. പല വസ്തുക്കളെയും അതിനോടു ബന്ധപ്പെട്ട ഒരു സംഖ്യയോടു യോജിപ്പിക്കുന്നതാണു്‌ ഇതിന്റെ രീതി. ഉദാഹരണമായി, “മൂര്‍ത്തി” എന്ന വാക്കു്‌ 3-നെ സൂചിപ്പിക്കുന്നു – ത്രിമൂര്‍ത്തികള്‍ മൂന്നാകയാല്‍. “ദന്തം” 32-നെയും, “രസം” ആറിനെയും (ഷഡ്‌രസങ്ങള്‍ – നവരസങ്ങളല്ല), “രുദ്രന്‍” 11-നെയും (ഏകാദശരുദ്രന്മാര്‍), “സൂര്യന്‍” 12-നെയും (ദ്വാദശാദിത്യന്മാര്‍) സൂചിപ്പിക്കുന്നു. ഈ വാക്കുകളും അവയുടെ പര്യായങ്ങളും ഉപയോഗിച്ചു്‌ വൃത്തത്തിലൊതുങ്ങുന്ന പദ്യങ്ങള്‍ എഴുതാമെന്നതാണു്‌ ഇതിന്റെ ഗുണം.  സാധാരണയായി ഉപയോഗിക്കുന്ന ഭൂതസംഖ്യകള്‍ താഴെച്ചേര്‍ക്കുന്നു:

0 : ആകാശം (ഖം, അഭ്രം, ഗഗനം, …), ശൂന്യം, പൂര്‍ണ്ണം.
1 : ചന്ദ്രന്‍ (ശശി, ഇന്ദു,…)
2 : കണ്ണു്‌ (അക്ഷി, നേത്രം, നയനം,…)
3 : അഗ്നി, ഗുണം, ലോകം [ത്രിലോകം], രാമന്‍ [പരശു, ശ്രീ, ബലഭദ്ര]
4 : വേദം, സമുദ്രം, യുഗം
5 : ഭൂതം [പഞ്ചഭൂതം], ഇന്ദ്രിയം [പഞ്ചേന്ദ്രിയങ്ങള്‍], ബാണം [കാമദേവന്റെ അഞ്ചമ്പുകള്‍] (ശരം, ഇഷു,…)
6 : രസം, ഋതു
7 : ഋഷി, പര്‍വ്വതം (ഗിരി, അചലം, …), സ്വരം, അശ്വം(ഹയം, …)
8 : വസു, നാഗം (സര്‍പ്പം,…)
9 : ദ്വാരം [നവദ്വാരങ്ങള്‍] (സുഷിരം, രന്ധ്രം,…), നന്ദ
10 : അവതാരം, ദിക്ക്‌, പംക്തി
11 : രുദ്രന്‍
12 : സൂര്യ (ആദിത്യ, അര്‍ക്ക, …)
13 : വിശ്വദേവ
15 : തിഥി
27 : നക്ഷത്രം (ഭം, താരം, …)
32 : ദന്തം

പരല്‍പ്പേരുപോലെതന്നെ വലത്തുനിന്നു്‌ ഇടത്തോട്ടാണു സംഖ്യകള്‍ നോക്കേണ്ടതു്‌. ഉദാഹരണമായി,

ഭനന്ദാഗ്നി = 3927 (ഭം = നക്ഷത്രം = 27, നന്ദ = 9, അഗ്നി = 3)
ഖബാണസൂര്യ = 1250 (ഖം = 0, ബാണം = 5, സൂര്യ = 12)

ഭൂതസംഖ്യ പരല്‍പ്പേരിനെക്കാള്‍ ബുദ്ധിമുട്ടാണു്‌. പരല്‍പ്പേരിലെപ്പോലെ നല്ല അര്‍ത്ഥമുള്ള വാക്കുകള്‍ ഉണ്ടാക്കാനും പറ്റില്ല. വൃത്തത്തിലൊതുങ്ങുന്ന വാക്കുകള്‍ ഉണ്ടാക്കാമെന്നേ ഉള്ളൂ.
ഭൂതസംഖ്യയ്ക്കു്‌ കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍ ഉണ്ടാവും.

Advertisements