ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അക്ഷരസംഖ്യാരീതിയായിരുന്നു പരല്‍പ്പേരു്.  ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു.  താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

1 2 3 4 5 6 7 8 9 0
         
ഴ, റ

അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു.  വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ.  ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്.  അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല.  അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ.

വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം.  അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു.  ഉദാഹരണമായി.

ക = 1

മ = 5

ഇ = 0

ക്ഷ = ഷ = 6

ശ്രീ = ര = 2

മ്യോ = യ = 1

വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 (ക = 1, മ = 5, ല = 3)

സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 )

ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)

ഗണിതശാസ്ത്രത്തില്‍ മാത്രമല്ല, മറ്റു പല മണ്ഡലങ്ങളിലും പരല്‍പ്പേരിന്റെ ഉപയോഗം കാണാം.  ചില ഉദാഹരണങ്ങള്‍:

 1. കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്.  ഉദാഹരണമായി,
  • ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
  • കനകാംഗി : കന = 01 = 1, 1-)ം രാഗം
  • ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം
 2. സാഹിത്യകൃതികളില്‍ കലിദിനസംഖ്യയും മറ്റും മുദ്രാരൂപേണ സൂചിപ്പിച്ചിരുന്നു.  മേല്‍പ്പത്തൂരിന്റെ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൌഖ്യം എന്ന വാക്കോടു കൂടിയാണു്.  ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
 3. നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു.  ഉദാഹരണമായി, ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതാ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വക ഒരുശ്ലോകം:
 4. പലഹാരേ പാലു നല്ലൂ, പുലര്‍ന്നാലോ കലക്കിലാം
  ഇല്ലാ പാലെന്നു ഗോപാലന്‍ – ആംഗ്ലമാസദിനം ക്രമാല്‍
   

  ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.

 5. വിനോദത്തിനു്: കൊച്ചുനമ്പൂതിരിയുടെ ഈ ശ്ലോകം നോക്കൂ:
 6. എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ-
  ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
  സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി-
  ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

  81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.

അമേരിക്കയില്‍ (മറ്റു രാജ്യങ്ങളിലും) ടെലിഫോണ്‍ നമ്പരുകള്‍ ഓര്‍ക്കാന്‍ ഇതുപോലെയൊരു സംവിധാനമുണ്ടു്. 2 = ABC, 3 = DEF, 4 = GHI, 5 = JKL, 6 = MNO, 7 = PQRS, 8 = TUV, 9=WXYZ എന്നിങ്ങനെ.  ഉദാഹരണമായി, 1-800-FLOWERS = 1-800-356-9377.  ഫോണില്‍ ഈ അക്ഷരങ്ങള്‍ ഉള്ളതുകൊണ്ടു് ഡയല്‍ ചെയ്യാനും എളുപ്പം.  പക്ഷേ, 0, 1 എന്നീ അക്കങ്ങള്‍ക്കു അക്ഷരമില്ലാത്തതും, 9 പോലെയുള്ള അക്കങ്ങള്‍ക്കു “വികടാക്ഷരങ്ങള്‍” മാത്രമുള്ളതും ഇതുപയോഗിച്ചു് അര്‍ത്ഥമുള്ള വാക്കുകള്‍ ഉണ്ടാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.  പരല്‍പ്പേരു് ഇതിനെ അപേക്ഷിച്ചു വളരെ മികച്ചതാണു്.  ഒരു സംഖ്യയ്ക്കു പറ്റിയ അര്‍ത്ഥമുള്ള ഒരു വാക്കുണ്ടാക്കാന്‍ വളരെ ശ്രമിക്കേണ്ട കാര്യമില്ല.

ഉദാഹരണങ്ങള്‍ ഇവിടെ നിര്‍ത്തുന്നു. ധാരാളം ഉദാഹരണങ്ങള്‍ ഇനി വരുന്ന ലേഖനങ്ങളില്‍ ഉണ്ടാവും.

Advertisements