February 2006


കുറെക്കൂടി നല്ല രീതിയില്‍ ഗണിതം എഴുതാനും, എന്റെ എല്ലാ ബ്ലോഗുകളും ഒന്നിച്ചുചേര്‍ക്കാനും വേണ്ടി ഭാരതീയഗണിതത്തെ ഇവിടേക്കു മാറ്റിയിരിക്കുന്നു.  ദയവായി അവിടെപ്പോയി ഭാരതീയഗണിതം എന്ന വിഭാഗം നോക്കുക.

Advertisements

കഴിഞ്ഞ രണ്ടു ലേഖനങ്ങളില്‍ കൊടുത്തിരുന്ന പ്രശ്നങ്ങള്‍
(“അര്‍ജ്ജുനന്റെ അമ്പുകളും“, “അരയന്നങ്ങളും“) quadratic equations
ഉണ്ടാക്കി നിര്‍ദ്ധരിക്കാന്‍ ഏതു സ്കൂള്‍കുട്ടിക്കും കഴിയും. കണ്ടുപിടിക്കേണ്ട മൂല്യം (അമ്പുകളുടെ എണ്ണമോ, അരയന്നങ്ങളുടെ എണ്ണമോ) x2 എന്നു സങ്കല്‍പ്പിച്ചാല്‍ ആദ്യത്തേതില്‍ നിന്നു്‌ x2 – 8x + 20 = 0 എന്നും 2x2 – 7x – 4 = 0 എന്നുമുള്ള സമവാക്യങ്ങള്‍ ഉണ്ടാക്കി ഇവിടെക്കൊടുത്തിരിക്കുന്ന സൂത്രവാക്യം ഉപയോഗിച്ചാല്‍ 10 എന്നും 4 എന്നുമുള്ള ഉത്തരങ്ങള്‍ കിട്ടും. (-2 എന്നും (-1/2) എന്നും രണ്ടുത്തരങ്ങള്‍ കൂടിയുണ്ടു്‌. അതിവിടെ പ്രസക്തമല്ലാത്തതുകൊണ്ടു്‌ ഉപേക്ഷിച്ചു.) അപ്പോള്‍ 100 അമ്പുകള്‍, 16 അരയന്നങ്ങള്‍.

ഇനി, ഭാസ്കരാചാര്യരുടെ സൂത്രവാക്യം നോക്കാം.

ഗുണഘ്നമൂലോനയുതസ്യ രാശേര്‍-
ദൃഷ്ടസ്യ യുക്തസ്യ ഗുണാര്‍ദ്ധകൃത്യാ
മൂലം ഗുണാര്‍ദ്ധേന യുതം വിഹീനം
വര്‍ഗ്ഗീകൃതം പ്രഷ്ടുരഭീഷ്ടരാശിഃ

അറിയേണ്ട രാശി(variable)യോടു്‌, രാശിയുടെ വര്‍ഗ്ഗമൂലത്തെ ഗുണം എന്ന സംഖ്യകൊണ്ടു്‌ ഗുണിച്ചതു കൂടുകയോ കുറയ്ക്കുകയോ ചെയ്ത ഫലം തന്നിട്ടുണ്ടെങ്കില്‍, ആ ഫലത്തിനോടു്‌ ഗുണത്തിന്റെ പകുതിയുടെ വര്‍ഗ്ഗം കൂട്ടിക്കിട്ടുന്നതിന്റെ വര്‍ഗ്ഗമൂലം ഗുണത്തിന്റെ പകുതിയോടു യഥാക്രമം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്താല്‍ കണ്ടുപിടിക്കേണ്ട രാശി കിട്ടും.

അതായതു്‌, x – a √x = b എന്നതില്‍ നിന്നു്‌ y = √(b + (a/2)2), x = (a/2 + y)2.
x + a √x = b എന്നാണു സമവാക്യമെങ്കില്‍ x = (a/2 – y)2.

ഉദാഹരണമായി,

 1. അമ്പുകളുടെ പ്രശ്നത്തില്‍, ഗുണം = 4 x 2 = 8, ഫലം = (6 + 3 + 1) x 2 = 20. ഗുണത്തിന്റെ പകുതി = 4, അതിന്റെ വര്‍ഗ്ഗം = 16, ഫലത്തോടു കൂട്ടിയാല്‍ 20 + 16 = 36. വര്‍ഗ്ഗമൂലം = 6, ഗുണത്തിന്റെ പകുതിയൊടു കൂട്ടിയാല്‍ 4 + 6 = 10, വര്‍ഗ്ഗം 100. ഉത്തരം: 100 അമ്പുകള്‍.
 2. അരയന്നങ്ങളുടെ പ്രശ്നത്തില്‍, ഗുണം = (7/2), ഫലം = 2, ഗുണത്തിന്റെ പകുതി = (7/4), വര്‍ഗം = (49/16), ഫലം കൂട്ടിയാല്‍ 2 + (49/16) = (81/16), വര്‍ഗ്ഗമൂലം (9/4), ഗുണത്തിന്റെ പകുതിയോടു കൂട്ടിയാല്‍ (7/4) + (9/4) = (16/4) = 4, വര്‍ഗ്ഗം = 16. ഉത്തരം: 16 അരയന്നങ്ങള്‍.

ഇങ്ങനെ സാമാന്യനിയമം പറയുന്നതുകൂടാതെ, Quadratic equation നിര്‍ദ്ധരിക്കേണ്ട മറ്റു പ്രശ്നങ്ങള്‍ ഈ സൂത്രം ഉള്‍ക്കൊള്ളിച്ചു തന്നെ നിയമങ്ങള്‍ അദ്ദേഹം നല്‍കിയിട്ടിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌, ഒരു സമാന്തരശ്രേഢി (Arithmetic Progression)യിലെ ആദ്യപദവും (മുഖം, a), പൊതുവ്യത്യാസവും (ചയം, d), ആദ്യത്തെ n (ഗച്ഛം) പദങ്ങളുടെ തുകയും (ഫലം, S) തന്നാല്‍ n കണ്ടുപിടിക്കാന്‍

S = (n/2) (2a + (n-1) d)

എന്ന Quadratic equation n-നു വേണ്ടി നിര്‍ദ്ധരിക്കേണ്ടി വരും.
ഭാസ്കരാചാര്യരുടെ രീതി നോക്കൂ:

ശ്രേഢീഫലാദുത്തരലോചനഘ്നാ-
ച്ചയാര്‍ദ്ധവക്ത്രാന്തരവര്‍ഗ്ഗയുക്താത്‌
മൂലം മുഖോനം ചയഖണ്ഡയുക്തം
ചയോദ്ധൃതം ഗച്ഛമുദാഹരന്തി 

ശ്രേഢീഫലത്തെ (S) ചയത്തിന്റെ (d) ഇരട്ടി കൊണ്ടു (ലോചനം = കണ്ണു്‌ = 2 (ഭൂതസംഖ്യ)) ഗുണിച്ചിട്ടൂ്‌, ചയത്തിന്റെ പകുതിയില്‍ നിന്നു മുഖം (a) കുറച്ചതിന്റെ വര്‍ഗ്ഗം കൂട്ടിയതിന്റെ വര്‍ഗ്ഗമൂലം മുഖത്തില്‍(a) നിന്നു കുറച്ചു്‌ ചയത്തിന്റെ (d) പകുതി കൂട്ടി ചയം (d) കൊണ്ടു ഹരിച്ചാല്‍ ഗച്ഛം (n) കിട്ടും.

ഭാസ്കരാചാര്യരുടെ ഉദാഹരണം നോക്കുക:

ദ്രമ്മത്രയം യഃ പ്രഥമേഹ്നി ദത്വാ
ദാതും പ്രവൃത്തോ ദ്വിചയേന തേന
ശതത്രയം ഷഷ്ട്യധികം ദ്വിജേഭ്യോ
ദത്തം ക്രിയദ്ഭിര്‍ദിവസൈര്‍വദാശു 

ഒരു രാജാവു്‌ ആദ്യത്തെ ദിവസം മൂന്നു നാണയം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. പിന്നീടു്‌ ഓരോ ദിവസവും രണ്ടു നാണയം വീതം കൂട്ടിക്കൊടുത്തു. എത്ര ദിവസം കൊണ്ടു്‌ 360 നാണയം കൊടുത്തു എന്നു കണ്ടുപിടിക്കുക.

ഇവിടെ ഫലം = 360, മുഖം = 3, ചയം = 2.

ചയത്തിന്റെ ഇരട്ടി = 2 x 2 = 4, അതുകൊണ്ടു ഫലത്തെ ഗുണിച്ചാല്‍ 360 x 4 = 1440, ചയത്തിന്റെ പകുതി = 1, അതു മുഖത്തില്‍ നിന്നു കുറച്ചാല്‍ 3 – 1 = 2, അതിന്റെ വര്‍ഗ്ഗം = 4, അതു കൂട്ടിയാല്‍ 1444. വര്‍ഗ്ഗമൂലം 38. മുഖം കുറച്ചാല്‍ 38 – 3 = 35, ചയത്തിന്റെ പകുതി കൂട്ടിയാല്‍ 35 + 1 = 16, ചയം കൊണ്ടു ഹരിച്ചാല്‍ 36 / 2 = 18. ഗച്ഛം (n) = 18.

ഈ രീതി സൂക്ഷിച്ചുനോക്കിയാല്‍ 360 = (n/2) x (2 x 3 + (n-1) 2) അതായതു്‌ n2 + 2n – 360 = 0 എന്ന Quadratic equation-ന്റെ നിര്‍ദ്ധാരണം തന്നെയാണു്‌ ഈ രീതിയെന്നു കാണാം.

ഇംഗ്ലീഷ്‌ വിക്കിപീഡിയയില്‍ ഭാസ്കരാചാര്യരുടെ ഈ രീതി പരാമര്‍ശിച്ചിട്ടുണ്ടു്‌.

ഭാസ്കരാചാര്യരുടെ (ഭാസ്കരന്‍ II – ക്രി. പി. 12-ാ‍ം ശതകം) ലീലാവതിയില്‍ നിന്നു മറ്റൊരു പ്രശ്നം:

ബാലേ, മരാളകുലമൂലദലാനി സപ്ത
തീരേ വിലാസഭരമന്ഥരഗാണ്യപശ്യം
കുര്‍വഞ്ച കേളികലഹം കലഹംസയുഗ്മം
ശേഷം ജലേ, വദ മരാളകുലപ്രമാണം

(ബാലേ, മരാള-കുല-മൂല-ദലാനി സപ്ത തീരേ വിലാസ-ഭര-മന്ഥരഗാണി-അപശ്യം
 കുര്‍വന്‍ ച കേളി-കലഹം കള-ഹംസ-യുഗ്മം ശേഷം ജലേ വദ മരാള-കുല-പ്രമാണം
എന്നന്വയം)

കുട്ടീ, അരയന്നങ്ങളുടെ വര്‍ഗ്ഗമൂലത്തിന്റെ (square root) പകുതിയുടെ ഏഴിരട്ടി തീരത്തുകൂടി കുണുങ്ങിക്കുണുങ്ങി നടന്നു. ബാക്കിയുള്ള രണ്ടെണ്ണം കളിയും ചിരിയും വഴക്കുമൊക്കെയായി വെള്ളത്തില്‍ത്തന്നെയും കഴിഞ്ഞു. (വാലന്റൈന്‍സ്‌ ഡേ ആയതുകൊണ്ടായിരിക്കണം) എന്നാല്‍ ആകെ എത്ര അരയന്നങ്ങളുണ്ടായിരുന്നു?

Quadratic equation നിര്‍ദ്ധരിക്കാനുള്ള ഒരു പ്രശ്നമാണിതു്‌. ഇതിന്റെ ആധുനികഗണിതം ഉപയോഗിച്ചുള്ള നിര്‍ദ്ധാരണവും, ഭാസ്കരാചാര്യരുടെ രീതിയും താമസിയാതെ ഇവിടെ ചേര്‍ക്കാം. അതുവരെ നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ.

ഭാസ്കരാചാര്യരുടെ (ഭാസ്കരന്‍ II – ക്രി. പി. 12-ാ‍ം ശതകം) ലീലാവതിയില്‍ നിന്നൊരു പ്രശ്നം:

പാര്‍ത്ഥഃ കര്‍ണ്ണവധായ മാര്‍ഗ്ഗണഗണം ക്രുദ്ധോ രണേ സന്ദധേ
തസ്യാര്‍ദ്ധേന നിവാര്യ തച്ഛരഗണം മൂലൈശ്ചതുര്‍ഭിര്‍ഹയാന്‍
ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപിച്ഛത്രം ധ്വജം കാര്‍മുകം
ചിച്ഛേദാസ്യ ശിരഃ ശരേണ, കതി തേ യാനര്‍ജ്ജുനഃ സന്ദധേ?

ഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍ ക്രുദ്ധനായി കര്‍ണ്ണനെ കൊല്ലാന്‍ കുറേ അമ്പുകള്‍ എടുത്തു. അതില്‍ പകുതി കൊണ്ടു കര്‍ണ്ണന്റെ അമ്പുകളെല്ലാം നശിപ്പിച്ചു. വര്‍ഗ്ഗമൂലത്തിന്റെ (square root) നാലിരട്ടി കൊണ്ടു്‌ കുതിരകളെ കൊന്നു. ആറു്‌ അമ്പു കൊണ്ടു ശല്യരെ (കര്‍ണ്ണന്റെ തേരാളി) ഒഴിവാക്കി. മൂന്നെണ്ണം കൊണ്ടു്‌ കുട, കൊടിമരം, വില്ലു്‌ എന്നിവ മുറിച്ചു. ബാക്കി വന്ന ഒരമ്പു കൊണ്ടു്‌ കര്‍ണ്ണന്റെ ശിരസ്സും ഛേദിച്ചു. എങ്കില്‍ ആദ്യം എത്ര അമ്പാണു്‌ എടുത്തതു്‌?

Quadratic equation നിര്‍ദ്ധരിക്കാനുള്ള ഒരു പ്രശ്നമാണിതു്‌. ഇതിന്റെ ആധുനികഗണിതം ഉപയോഗിച്ചുള്ള നിര്‍ദ്ധാരണവും, ഭാസ്കരാചാര്യരുടെ രീതിയും താമസിയാതെ ഇവിടെ ചേര്‍ക്കാം. അതുവരെ നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ.

ഭാരതീയഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള മൂന്നു സംഖ്യാസമ്പ്രദായങ്ങളെപ്പറ്റിയാണു്‌ കഴിഞ്ഞ കുറേ ലേഖനങ്ങള്‍. അവയിലേക്കു്‌ ഒരു സൂചിക താഴെച്ചേര്‍ക്കുന്നു:

ആര്യഭടീയസംഖ്യാക്രമത്തിനു് ഒരുദാഹരണം:

3.75 ഡിഗ്രി മുതല്‍ 3.75 ഡിഗ്രി ഇടവിട്ടു് 90 ഡിഗ്രി വരെയുള്ള ആംഗിളുകളുടെ സൈന്‍ മൂല്യം ആര്യഭടന്‍ നല്‍കിയിട്ടുണ്ടു്.  തൊട്ടു മുന്‍പത്തെ മൂല്യത്തോടു കൂട്ടേണ്ട മൂല്യമാണു ആര്യഭടീയസംഖ്യാക്രമത്തില്‍ നല്‍കിയിട്ടുള്ളതു്.

മഖി, ഭഖി, ഫഖി, ധഖി, ണഖി, ഞഖി
ങഖി, ഹസ്ഝ, സ്കകി, കിഷ്ഗ, ശ്ഘകി, കിഘ്വാ
ഘ്ലകി, കിഗ്ര, ഹക്യ, ധാഹാ,
സ്ത, സ്ഗ, ശ്ഝ, ങ്വ, ല്ക, പ്ത, ഫ, ഛ, കലാര്‍ധജ്യാ

വ്യാസാര്‍ദ്ധം 3438 ആയിട്ടുള്ള ഒരു വൃത്തത്തില്‍ 3.75 ഡിഗ്രി മുതല്‍ 3.75 ഇടവിട്ടൂ് 90 ഡിഗ്രി വരെയുള്ള ആംഗിളുകള്‍ക്കുള്ള ജ്യാവുകളെ (Rsin – length of opposite side) കണ്ടുപിടിക്കാനുള്ള ശ്ലോകമാണിതു്.

ആര്യഭടന്റെ മൂല്യങ്ങളും ആധുനികമൂല്യങ്ങളും താഴെ പട്ടികയായി ചേര്‍ക്കുന്നു:

Angle കൂട്ടേണ്ട മൂല്യം മൂല്യം കൃത്യമൂല്യം സൈന്‍ (ആര്യഭടന്‍) സൈന്‍ (കൃത്യമൂല്യം)
3.75  മഖി 225 225 224.8560 0.0654 0.0654
7.50  ഭഖി 224 449 448.7490 0.1306 0.1305
11.25  ഫഖി 222 671 670.7205 0.1952 0.1951
15.00  ധഖി 219 890 889.8199 0.2589 0.2588
18.75  ണഖി 215 1105 1105.1089 0.3214 0.3214
22.50  ഞഖി 210 1315 1315.6656 0.3825 0.3827
26.25  ങഖി 205 1520 1520.5885 0.4421 0.4423
30.00  ഹസ്ഝ 199 1719 1719.0000 0.5000 0.5000
33.75  സ്കകി 191 1910 1910.0505 0.5556 0.5556
37.50  കിഷ്ഗ 183 2093 2092.9218 0.6088 0.6088
41.25  ശ്ഘകി 174 2267 2266.8309 0.6594 0.6593
45.00  കിഘ്വാ 164 2431 2431.0331 0.7071 0.7071
48.75  ഘ്ലകി 154 2585 2584.8253 0.7519 0.7518
52.50  കിഗ്ര 143 2728 2727.5488 0.7935 0.7934
56.25  ഹക്യ 131 2859 2858.5925 0.8316 0.8315
60.00  ധാഹാ 119 2978 2977.3953 0.8662 0.8660
63.75  സ്ത 106 3084 3083.4485 0.8970 0.8969
67.50  സ്ഗ 93 3177 3176.2978 0.9241 0.9239
71.25  ശ്ഝ 79 3256 3255.5458 0.9471 0.9469
75.00  ങ്വ 65 3321 3320.8530 0.9660 0.9659
78.75  ല്ക 51 3372 3371.9398 0.9808 0.9808
82.50  പ്ത 37 3409 3408.5874 0.9916 0.9914
86.25  ഫ 22 3431 3430.6390 0.9980 0.9979
90.00  ഛ 7 3438 3438.0000 1.0000 1.0000

 

ആദ്യത്തെ മൂന്നു വരിയിലും ഈരണ്ടക്ഷരങ്ങളെക്കൊണ്ടും, അവസാനത്തെ വരിയില്‍ ഓരോ അക്ഷരത്തിനെക്കൊണ്ടുമാണു മൂല്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നതു്. ഉദാഹരണത്തിനു്, ക = 1, കി = 1 x 100 = 100, ഘ = 4, വ = 60; അതുകൊണ്ടു്, കിഘ്വാ = 100 + 4 + 60 = 164; ഹ = 100, ക = 1, യ = 30; ഹക്യ = 100 + 1 + 30 = 131.

 ആര്യഭടന്റെ മൂല്യങ്ങള്‍ വളരെ കൃത്യമാണു്.  വലിയ വൃത്തങ്ങള്‍ വരച്ചു് ആംഗിളുകള്‍ അളന്നല്ല ഇതു കണ്ടുപിടിച്ചതു്.  അനന്തശ്രേണികള്‍ (infinite series) ഉപയോഗിച്ചു് സൈന്‍ തുടങ്ങിയ മൂല്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഭാരതീയര്‍ക്കു് പാശ്ചാത്യരെക്കാള്‍ ഒന്‍പതു നൂറ്റാണ്ടു മുമ്പേ അറിയാമായിരുന്നു.  അതിനെപ്പറ്റി മറ്റൊരു ലേഖനത്തിലെഴുതാം.

ഗണിതശാസ്ത്രതത്ത്വങ്ങളെ കുഞ്ഞുകുഞ്ഞു്‌ ആര്യാവൃത്തശ്ലോകങ്ങളില്‍ ഒതുക്കിയ ആര്യഭടന്‍ സംഖ്യകളെ – പ്രത്യേകിച്ചും വളരെ വലിയ സംഖ്യകളെ – സൂചിപ്പിക്കാന്‍ ഒരു രീതി ഉപയോഗിച്ചിരുന്നു. ബുദ്ധിമുട്ടുള്ള രീതിയായതുകൊണ്ടു്‌ പിന്നീടു്‌ കാര്യമായി ആരും ഇതു്‌ ഉപയോഗിച്ചില്ല.

ഈ രീതി ചുരുക്കി താഴെച്ചേര്‍ക്കുന്നു.

 1. ക മുതല്‍ മ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 1 മുതല്‍ 25 വരെയുള്ള സംഖ്യകളെ സൂചിപ്പിക്കുന്നു.
  യ മുതല്‍ ഹ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 30 മുതല്‍ 100 വരെയുള്ള സംഖ്യകളെ (പത്തിടവിട്ടു്‌) സൂചിപ്പിക്കുന്നു.    

  അതായതു്‌,

  ക = 1, ഖ = 2, ഗ = 3, ഘ = 4, ങ = 5, ച = 6, ഛ = 7, ജ = 8, ഝ = 9, ഞ = 10, ട = 11, ഠ = 12, ഡ = 13, ഢ = 14, ണ = 15, ത = 16, ഥ = 17, ദ = 18, ധ = 19, ന = 20, പ = 21, ഫ = 22, ബ = 23, ഭ = 24, മ = 25, യ = 30, ര = 40, ല = 50, വ = 60, ശ = 70, ഷ = 80, സ = 90, ഹ = 100.

 2. ഈ വ്യഞ്ജനങ്ങളോടു്‌ അ മുതല്‍ ഔ വരെയുള്ള 9 സ്വരങ്ങള്‍ (ദീര്‍ഘസ്വരങ്ങള്‍ കൂട്ടേണ്ട.) ചേര്‍ത്താല്‍ 1, 100, 10000 എന്നിങ്ങനെയുള്ള സംഖ്യകള്‍ കൊണ്ടു ഗുണിക്കുന്ന ഫലം വരും.അതായതു്‌,അ = 1, ഇ = 100, ഉ = 10000, ഋ = 106, ഌ = 108, എ = 1010, ഐ = 1012, ഒ = 1014, ഔ = 1016 എന്നിവയെക്കൊണ്ടു ഗുണിക്കണം.
 3. ഉദാഹരണത്തിനു്‌, ച = 6, ചി = 600, ചു = 60000 എന്നിങ്ങനെ.

 4. ഇങ്ങനെ ഓരോ അക്ഷരത്തിനും ഉള്ള മൂല്യങ്ങളെല്ലാം കൂട്ടിക്കിട്ടുന്ന സംഖ്യ മൊത്തം വാക്കു സൂചിപ്പിക്കുന്ന സംഖ്യയായി.
 5. ഉദാഹരണത്തിനു്‌, “ഗണിതം” എന്ന വാക്കു്‌ 1519-നെ സൂചിപ്പിക്കുന്നു (3 + 1500 + 16). പക്ഷേ, ആര്യഭടീയത്തില്‍ “ഗണിതം” പോലെയുള്ള “നല്ല” വാക്കുകള്‍ കാണാറില്ല; പകരം, “ഞിലാ”, “ചയഗിയിങു” തുടങ്ങിയ രൂപങ്ങളാണു കാണുക.

  കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍.

Next Page »